ന്യൂഡൽഹി: പടിഞ്ഞാറൻ ഏഷ്യയിലെ യുദ്ധസാഹചര്യങ്ങൾക്കിടയിലും ഇന്ത്യയിൽ ഇന്ധനക്ഷാമമുണ്ടാകില്ലെന്ന് ഉറപ്പുനൽകി കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി . മുൻകരുതൽ നടപടിയുടെ ഭാഗമായി രാജ്യത്തെ പാചകവാതക ഉത്പാദനം പ്രതിദിനം 35,000-36,000 ടണ്ണിൽ നിന്ന് 54,000 ടണ്ണായി വർധിപ്പിച്ചതായി അദ്ദേഹം അറിയിച്ചു. ഡൽഹിയിൽ നടന്ന സിഐഐ ബിസിനസ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിൽ ഇന്ത്യയുടെ കൈവശം 69 ദിവസത്തേക്കുള്ള ക്രൂഡ് ഓയിൽ, എൽഎൻജി ശേഖരവും 45 ദിവസത്തേക്കുള്ള എൽപിജി ശേഖരവുമുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. അതിനാൽ ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഇന്ധന ഉപയോഗം കുറയ്ക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഗൗരവകരമായ ഒരു 'വേക്കപ്പ് കോൾ' ആയി കാണണം.
അന്താരാഷ്ട്ര വിപണിയിലെ അനിശ്ചിതത്വങ്ങൾ സമ്പദ്വ്യവസ്ഥയെ ബാധിക്കാതിരിക്കാൻ ജനങ്ങൾ മിതത്വം പാലിക്കണമെന്നാണ് അദ്ദേഹം നിർദ്ദേശിച്ചത്. ഇന്ധനം ലാഭിക്കാൻ സർക്കാർ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ ഒരുങ്ങുകയാണെന്ന പ്രചാരണം മന്ത്രി തള്ളി. അനാവശ്യമായ യാത്രകൾ ഒഴിവാക്കാനും കാർപൂളിംഗ് പോലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കാനുമാണ് സർക്കാർ ആവശ്യപ്പെടുന്നത്.
അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുയരുമ്പോഴും രാജ്യത്ത് ഇന്ധനവില വർധിപ്പിക്കാതെ എണ്ണക്കമ്പനികൾ നഷ്ടം സഹിക്കുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ആദ്യ പാദത്തിൽ കമ്പനികൾക്ക് ഏകദേശം രണ്ട് ലക്ഷം കോടി രൂപയുടെ വരെ നഷ്ടം സംഭവിച്ചേക്കാമെന്നാണ് കണക്കാക്കുന്നത്. ഈ സാഹചര്യം നേരിടാൻ വിദേശനാണ്യം ലാഭിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.